ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിൽ ദൈവസ്നേഹത്തിൻ്റെ സന്ദേശവുമായി ഫ്രാങ്ക്ലിൻ ഗ്രഹാം
മാഞ്ചസ്റ്ററിൽ ഫ്രാങ്ക്ലിൻ ഗ്രഹാമിന്റെ സുവിശേഷ സമ്മേളനം; 600 സഭകളുടെ പങ്കാളിത്തം. ഒക്ടോബർ 3-ന് Co-op Live Arenaയിൽ നടക്കുന്ന പരിപാടിയിൽ ആയിരങ്ങൾ പങ്കെടുക്കും; നൂറുകണക്കിന് സൗജന്യ ബസുകൾ ഒരുക്കുന്നു
മാഞ്ചസ്റ്റർ: വടക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിലെ നൂറുകണക്കിന് ഇവാഞ്ചലിക്കൽ സഭകളുടെ സഹകരണത്തോടെ അമേരിക്കൻ സുവിശേഷകൻ റവ. ഫ്രാങ്ക്ലിൻ ഗ്രഹാമിന്റെ “God Loves You Tour” മാഞ്ചസ്റ്ററിൽ എത്തുന്നു. ഒക്ടോബർ 3-ന് മാഞ്ചസ്റ്ററിലെ Co-op Live Arenaയിൽ നടക്കുന്ന സുവിശേഷ സമ്മേളനത്തിൽ ആയിരക്കണക്കിന് ആളുകൾ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു. 2022 മുതൽ ഫ്രാങ്ക്ലിൻ ഗ്രഹാമിന്റെ നേതൃത്വത്തിൽ യുകെയിൽ നടക്കുന്ന പര്യടനത്തിലെ ഒമ്പതാമത്തെ പ്രധാന വേദിയാണിത്. ലണ്ടൻ, ഗ്ലാസ്ഗോ, ലിവർപൂൾ, ബർമിംഗ്ഹാം തുടങ്ങിയ നഗരങ്ങളിൽ നേരത്തെ പരിപാടികൾ സംഘടിപ്പിച്ചിരുന്നു.

മാഞ്ചസ്റ്റർ സമ്മേളനത്തിനായി ഏകദേശം 600 പ്രാദേശിക സഭകൾ ഇതിനകം സഹകരിക്കുന്നുണ്ട്. വിവിധ പ്രദേശങ്ങളിൽ നിന്നായി 8,000-ത്തിലധികം പേർ പരിപാടിയിൽ പങ്കെടുക്കുന്നതിനായി ഇതിനകം രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇംഗ്ലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വെയിൽസിലെ സ്വാൻസിയയിൽ നിന്നുമുൾപ്പെടെ ആളുകളെ എത്തിക്കുന്നതിനായി നൂറുകണക്കിന് സൗജന്യ ബസുകളും ഒരുക്കുന്നുണ്ട്. പ്രാദേശിക സഭാ നേതാക്കളുടെ അഭിപ്രായത്തിൽ, ആത്മീയത, ജീവിതത്തിന്റെ അർത്ഥം, പ്രത്യാശ, സമൂഹത്തിൽ തങ്ങളുടെ സ്ഥാനം എന്നിവയെക്കുറിച്ച് അന്വേഷിക്കുന്ന യുവാക്കളുടെ എണ്ണത്തിൽ സമീപകാലത്ത് വർധനവുണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തിൽ സുവിശേഷ സമ്മേളനത്തിന് വലിയ പ്രാധാന്യമുണ്ടെന്നാണ് സംഘാടകരുടെ വിലയിരുത്തൽ.