ക്രിസ്ത്യാനികൾക്കെതിരായ പീഡനങ്ങളിൽ യു.എന്നിൽ കടുത്ത വിമർശനമുയർത്തി ട്രംപ്
ന്യൂയോർക്ക്: ലോകവ്യാപകമായി ക്രിസ്ത്യാനികൾക്കെതിരെ പീഡനങ്ങൾക്കെതിരെ ആഗോള പ്രസ്ഥാനങ്ങളും അന്താരാഷ്ട്ര സമൂഹവും കണ്ണടയ്ക്കുകയാണെന്ന് യു.എൻ. ജനറൽ അസംബ്ലിയിലെ തൻ്റെ പ്രസംഗത്തിൽ കടുത്ത വിമർശനമുയർത്തി മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പീഡിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികളെക്കുറിച്ച് ഐക്യരാഷ്ട്രസഭയ്ക്ക് കാര്യമായൊന്നും പറയാനില്ലെന്ന് ട്രംപ്; ലോകത്തിലെ ഏറ്റവും അടിച്ചമർത്തൽ ഭരണകൂടങ്ങൾ വൻതോതിൽ ക്രിസ്ത്യൻ സമൂഹങ്ങളെ വേട്ടയാടുമ്പോഴും അതിനെതിരെ സംസാരിക്കാൻ ആരും തയ്യാറാകുന്നില്ലെന്ന് ട്രംപ് കുറ്റപ്പെടുത്തി.
കൗൺസിൽ അംഗങ്ങളെ ‘ഭീരുക്കളായ കാപട്യക്കാർ’ എന്ന് വിളിച്ച ട്രംപ്, ക്രിസ്ത്യാനികൾക്കെതിരായ പീഡനങ്ങളെക്കുറിച്ച് അവർക്ക് കാര്യമായൊന്നും പറയാനില്ലെന്നും കുറ്റപ്പെടുത്തി. “ലോകമെമ്പാടും ക്രിസ്ത്യാനികൾ പീഡിപ്പിക്കപ്പെടുന്നു. ഇത് വിശ്വസിക്കാൻ പോലും കഴിയാത്ത കാര്യമാണ്. ഇങ്ങനെയൊന്ന് പറയേണ്ടിവരുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല, പക്ഷേ വളരെക്കാലമായി ഇത് സംഭവിച്ചുകൊണ്ടിരിക്കുകയാണ്,” അദ്ദേഹം തുറന്നടിച്ചു. ക്രിസ്ത്യാനികൾക്കെതിരായ പീഡനങ്ങളെക്കുറിച്ചോ “ലോകത്തിലെ ഏറ്റവും അടിച്ചമർത്തൽ സ്വഭാവമുള്ള ഭരണകൂടങ്ങൾ ചെയ്യുന്ന കുറ്റകൃത്യങ്ങളെക്കുറിച്ചോ” കാര്യമായൊന്നും പറയാതെ, യുഎസിന്റെ കുടിയേറ്റ നയം പോലുള്ള വിഷയങ്ങളിലാണ് കൗൺസിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ട്രംപ് പറഞ്ഞു. ഇത്തരം ക്രൂരതകളെ അവഗണിക്കുന്നവർ തന്നെ ക്രിമിനലുകൾക്കും കുറ്റവാളികൾക്കും വേണ്ടി സ്വന്തം അതിർത്തികൾ തുറന്നുനൽകാൻ അമേരിക്കയോട് ആവശ്യപ്പെടുകയാണെന്നും അദ്ദേഹം പരിഹസിച്ചു. അതിർത്തി സുരക്ഷയെയും അന്താരാഷ്ട്രതലത്തിലെ മതപീഡനങ്ങളെയും മുൻനിർത്തിയുള്ള ട്രംപിൻ്റെ പ്രസ്താവന സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്.