ചരിത്രത്തിൽ ഇന്ന്
സെപ്റ്റംബർ (September) 21
അന്താരാഷ്ട്ര സമാധാന ദിനം
(International Day of Peace)
എല്ലാ വർഷവും സെപ്റ്റംബർ 21-ന് അന്താരാഷ്ട്ര സമാധാന ദിനമായി ലോകമെമ്പാടും ആചരിക്കുന്നു. 1981ൽ ഐക്യരാഷ്ട്രസഭയാണ് (United Nations) ഈ ദിനം അവരുടെ പൊതുസഭയിൽ (United General Assembly) വെച്ച് സ്ഥാപിച്ചത്. തുടർന്ന് 1982ൽ, ആദ്യമായി സമാധാന ദിനം ആചരിച്ചു. തുടക്കത്തിൽ ഈ ദിനം സെപ്റ്റംബറിലെ മൂന്നാമത്തെ ചൊവ്വാഴ്ച ആയിരുന്നു ആചരിച്ചിരുന്നത്. പിന്നീട്, 2001ൽ ഐക്യരാഷ്ട്രസഭ സെപ്റ്റംബർ 21 എന്ന തീയതി സ്ഥിരമായി അന്താരാഷ്ട്ര സമാധാന ദിനമായി നിശ്ചയിച്ചു.
അനന്തരം 2002 മുതൽ, എല്ലാ വർഷവും സെപ്റ്റംബർ 21 അന്താരാഷ്ട്ര സമാധാന ദിനമായി ആചരിക്കുന്നു.
ലോകത്ത് സമാധാനം നിലനിൽക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുകയും യുദ്ധം, അക്രമം, വിദ്വേഷം, സംഘർഷം എന്നിവ അവസാനിപ്പിച്ച് സമാധാനപരമായ സഹവർത്തിത്വം പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയാണ് ഈ ദിനത്തിന്റെ പ്രധാന ലക്ഷ്യം.
സമാധാനം എന്നത് യുദ്ധമില്ലാത്ത അവസ്ഥ മാത്രം അല്ല. മറ്റുള്ളവരെ ബഹുമാനിക്കുക, മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുക, മത-ജാതി-ഭാഷാ വ്യത്യാസങ്ങളെ അംഗീകരിക്കുക, അനീതിക്കും വിവേചനത്തിനും എതിരെ പ്രവർത്തിക്കുക, പരസ്പരം സഹകരിക്കുക എന്നിവയും സമാധാനത്തിന്റെ ഭാഗങ്ങളാണ്. ഒരു വ്യക്തിയിൽ നിന്ന് കുടുംബത്തിലേക്കും, കുടുംബത്തിൽ നിന്ന് സമൂഹത്തിലേക്കും, സമൂഹത്തിൽ നിന്ന് രാജ്യങ്ങളിലേക്കും സമാധാനം വളരുന്നു.
അന്താരാഷ്ട്ര സമാധാന ദിനത്തിൽ നമുക്ക് മറ്റുള്ളവരോട് സ്നേഹത്തോടും ബഹുമാനത്തോടും പെരുമാറാം. അഭിപ്രായവ്യത്യാസങ്ങൾ സംഭാഷണത്തിലൂടെ പരിഹരിക്കാൻ ശ്രമിക്കാം. വിദ്വേഷവും അക്രമവും പ്രോത്സാഹിപ്പിക്കുന്ന കാര്യങ്ങൾ ഒഴിവാക്കാം. മതം, ജാതി, ഭാഷ, സംസ്കാരം തുടങ്ങിയ വ്യത്യാസങ്ങളെ ബഹുമാനിക്കാം. ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ സഹായിക്കാം.സമൂഹത്തിൽ സഹകരണം, സൗഹൃദം, സഹിഷ്ണുത എന്നിവ വളർത്താം.