തിരുവനന്തപുരം: 1000 വിദ്യാർഥികൾക്ക് സിവിൽ സർവീസ് പരിശീലനത്തിനായി സ്കോളർഷിപ്പ് വാഗ്ദാനം ചെയ്ത് ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ. ലീഡ് ഐ.എ.എസ് അക്കാദമിയുമായി ചേർന്ന് സഞ്ജു സാംസൺ ഫൗണ്ടേഷനാണു പദ്ധതി നടപ്പാക്കുന്നത്. സാമ്പത്തികമായി ബുദ്ധിമുട്ടുന്ന വിദ്യാർഥികളുടെ സിവിൽ സർവീസ് സ്വപ്നങ്ങൾക്കു പിന്തുണ നൽകുകയാണ് ലക്ഷ്യം.
സഞ്ജുവിന്റെ ജന്മനാടായ വിഴിഞ്ഞത്തുനിന്നുള്ള വിദ്യാർഥികൾക്ക് പദ്ധതിയിൽ പ്രത്യേക പരിഗണന ലഭിക്കും. ലീഡ് ഇന്ത്യ സമ്മിറ്റ് വേദിയിലാണ് ഈ ചരിത്രപ്രഖ്യാപനം നടന്നത്. സാധാരണക്കാരായ കുട്ടികളുടെ സ്വപ്നങ്ങൾക്ക് നിറം നൽകുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കായിക താരങ്ങൾക്ക് പുറമെ മറ്റ് മേഖലയിലുള്ള കുട്ടികൾക്കും കൈത്താങ്ങാകുന്ന സഞ്ജുവിന്റെ ഇടപെടലിന് വലിയ അഭിനന്ദനമാണ് ഇപ്പോൾ ലഭിക്കുന്നത്.