സെപ്റ്റംബർ (September) 15
ബർമിംഗ്ഹാം പള്ളി ബോംബാക്രമണം
1963 സെപ്റ്റംബർ 15ന് അമേരിക്കയിലെ അലബാമ സംസ്ഥാനത്തെ ബർമിംഗ്ഹാമിലുള്ള 16th Street ബാപ്ടിസ്റ്റ് ചർച്ചിൽ നടന്ന ബോംബാക്രമണം അമേരിക്കൻ സിവിൽ റൈറ്റ്സ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും ദാരുണമായ സംഭവങ്ങളിലൊന്നാണ്. പള്ളിയിൽ ഞായറാഴ്ച പ്രാർത്ഥനയ്ക്കായി ആളുകൾ ഒത്തുകൂടിയിരിക്കുമ്പോഴാണ് ആക്രമണം നടന്നത്. ബർമിംഗ്ഹം അന്ന് ശക്തമായ വംശീയ വേർതിരിവും (racial segregation) വർണവിവേചനവും നിലനിന്നിരുന്ന നഗരമായിരുന്നു. 16th Street Baptist Church ആഫ്രിക്കൻ-അമേരിക്കൻ സമൂഹത്തിന്റെയും സിവിൽ റൈറ്റ്സ് പ്രവർത്തകരുടെയും പ്രധാന യോഗകേന്ദ്രമായിരുന്നു.
1963 സെപ്റ്റംബർ 15ന് Ku Klux Klan (KKK) അംഗങ്ങൾ പള്ളിയുടെ മുൻവശത്തെ പടിക്കലിനടുത്ത് ഡൈനാമൈറ്റ് ബോംബ് സ്ഥാപിച്ചു. രാവിലെ ഏകദേശം 11 മണിയോടെ സ്ഫോടനം ഉണ്ടായി. പള്ളിയുടെ ബേസ്മെന്റിൽ ഞായറാഴ്ച പരിപാടിക്കായി തയ്യാറെടുക്കുകയായിരുന്ന കുട്ടികളിൽ നാല് പെൺകുട്ടികൾ കൊല്ലപ്പെട്ടു. മറ്റു നിരവധി കുട്ടികൾക്കും പരിക്കേറ്റു. ഈ സംഭവം അമേരിക്കയിലും ലോകമെമ്പാടും വലിയ പ്രതിഷേധത്തിനും ദുഃഖത്തിനും കാരണമായി.
ഈ കൊലപാതകം അമേരിക്കയിലെ വംശീയ വിവേചനത്തിന്റെ ക്രൂരതയെ ലോകത്തിന് മുന്നിൽ തുറന്നുകാട്ടി. ബർമിംഗ്ഹാമിലെ സമരങ്ങളും ഈ ബോംബാക്രമണവും സൃഷ്ടിച്ച ദേശീയ സമ്മർദ്ദം 1964-ലെ Civil Rights Act പാസാക്കുന്നതിനുള്ള രാഷ്ട്രീയ പിന്തുണ ശക്തിപ്പെടുത്തിയ പ്രധാന ഘടകങ്ങളിലൊന്നായി.കേസിൽ ഉടൻ നീതി ലഭിച്ചില്ല.
പിന്നീട് അന്വേഷണം വീണ്ടും തുറക്കുകയും Robert Chambliss (1977), Thomas Blanton (2001), Bobby Frank Cherry (2002) എന്നിവർ കൊലപാതകക്കേസുകളിൽ ശിക്ഷിക്കപ്പെടുകയും ചെയ്തു. മറ്റൊരു പ്രതിയായ Herman Cash 1994-ൽ വിചാരണ നേരിടുന്നതിന് മുമ്പ് മരിച്ചു.
Birmingham Church Bombing ഒരു ഭീകരമായ വംശീയ അക്രമം മാത്രമല്ല; അമേരിക്കയിലെ സിവിൽ റൈറ്റ്സ് പ്രസ്ഥാനം എന്തുകൊണ്ട് അനിവാര്യമായിരുന്നുവെന്നതിന്റെ ശക്തമായ ഓർമ്മപ്പെടുത്തലുമാണ്. ആ നാല് പെൺകുട്ടികളുടെ മരണം നീതിക്കും സമത്വത്തിനും വേണ്ടിയുള്ള പോരാട്ടത്തിന്റെ പ്രതീകമായി മാറി.
Addie Mae Collins, Denise McNair, Carole Robertson, Cynthia Wesley എന്ന പേരുകൾ ഇന്ന് സിവിൽ റൈറ്റ്സ് ചരിത്രത്തിൽ എന്നും ഓർമ്മിക്കപ്പെടുന്നു.