പനജി (ഗോവ): പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് മതപരിവര്‍ത്തന നിരോധന ബില്ലില്‍നിന്നും പിന്തിരിഞ്ഞ് ഗോവന്‍ സര്‍ക്കാര്‍. ഗോവ മന്ത്രിസഭ ബില്ലിന് അംഗീകാരം നല്കി ദിവസങ്ങള്‍ക്കുള്ളിലാണ് ഈ നാടകീയ മാറ്റം എന്നതാണ് ശ്രദ്ധേയം. ഗോവ നിയമസഭയുടെ നിലവിലുള്ള വര്‍ഷകാല സമ്മേളനത്തിന്റെ അജണ്ടയില്‍ ഉള്‍പ്പെടുത്തിയിരുന്ന മതപരിവര്‍ത്തന നിരോധന ബില്‍ സര്‍ക്കാര്‍ പിന്‍വലിച്ചിരിക്കുകയാണ്. ബില്ലിനെതിരെ ഗോവയിലെ ക്രിസ്തീയ സഭകളും പ്രതിപക്ഷവും ശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തിയത്. ഭരണപക്ഷ ത്തുനിന്നുതന്നെ എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു. നിയമസഭാ നടപടികള്‍ ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് ഭരണപക്ഷത്തെ ക്രിസ്ത്യൻ എം.എല്‍.എമാരുമായി മുഖ്യമന്ത്രി പ്രമോദ് സാവന്ത് ചര്‍ച്ച നടത്തുകയും ബില്‍ അവതരിപ്പിക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയുമായിരുന്നു. നിയമസഭാ കാര്യസൂചികയില്നിന്ന് ബില്‍ ഒഴിവാക്കുകയും ചെയ്തു.
സമ്മര്‍ദ്ദം, സ്വാധീനം, പ്രലോഭനം, വിവാഹം, എന്നിവയിലൂടെയുള്ള മതപരിവര്‍ത്തനങ്ങളാണ് നിരോധിക്കാന്‍ ലക്ഷ്യമിട്ടിരുന്നതെന്നാണ് ഗവണ്മെന്റ് വാദമെങ്കിലും ബില്ലിലെ വ്യവസ്ഥകള്‍ ഏതുവിധത്തില്‍ വേണമെങ്കിലും വളച്ചൊടിക്കാന്‍ കഴിയുന്നതാണ്. അതുകൊണ്ടുതന്നെ ഗവണ്മെന്റിന്റെ ഉദ്ദേശ്യശുദ്ധിയില്‍ സംശയങ്ങള്‍ തുടക്കംമുതല്‍ ഉയര്‍ന്നിരുന്നു. ഈ നിയമപ്രകാരമുള്ള കുറ്റങ്ങള്‍ക്ക് ജീവപര്യന്തം തടവും കുറഞ്ഞത് 50,000 രൂപ പിഴയും അടക്കമുള്ള കടുത്ത ശിക്ഷകളും വ്യവസ്ഥ ചെയ്തിരുന്നു. വിവാഹം നടത്തുന്ന പുരോഹിതന്മാര്ക്കും 3 മുതല്‍ 10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വ്യവസ്ഥകളും ബില്ലില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇരകളായി കണക്കാക്കപ്പെടുന്നവര്‍ക്ക് 5 ലക്ഷം രൂപ വരെ നഷ്ടപരിഹാരം നല്‍കാനും ബില്ലില്‍ വ്യവസ്ഥ ഉണ്ടായിരുന്നു. ഇതിന്റെ പിന്നില്‍ ഗൂഢലക്ഷ്യങ്ങള്‍ ഉണ്ടെന്നും പണം ലഭിക്കുന്നതിനായി വ്യാജ പരാതികള്‍ ഉയരാനുള്ള സാധ്യതകളുണ്ടെന്നും നിരീക്ഷകര്‍ ചൂണ്ടിക്കാട്ടി. മതപരിവര്‍ത്തന നിരോധന നിയമത്തിനെതിരെ ക്രിസ്ത്യൻ സമൂഹം ഉയര്‍ത്തിയ വാദങ്ങള്‍ ശരിയാണെന്നതിന്റെ തെളിവുകൂടിയായി മാറുകയാണ് ഗോവന്‍ ഗവണ്മെന്റിന്റെ ഈ നടപടി.
മതപരിവര്‍ത്തന നിരോധന നിയമം പ്രാബല്യത്തില്‍ വന്നിട്ടുള്ള സംസ്ഥാനങ്ങളില്‍ പ്രാര്‍ത്ഥനാ സമ്മേളനങ്ങളോ കണ്‍വന്‍ഷനുകളോ നടത്താന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. ദേവാലയങ്ങളില്‍ നടക്കുന്ന ചടങ്ങുകള്‍പോലും നിര്‍ബന്ധിത മതപരിവര്‍ത്തനമാണെന്ന് ആരോപിച്ച് കേസുകള്‍ നല്‍കുകയും അതില്‍ പങ്കെടുക്കുന്നവരെ അക്രമിക്കുകയും ചെയ്യുന്നതും പതിവാണ്. ബില്‍ പൂര്‍ണമായി ഉപേക്ഷിച്ചതായി സര്‍ക്കാര്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഭാവിയില്‍ ബില്‍ ഭേദഗതി ചെയ്ത് വീണ്ടും അവതരിപ്പിക്കുമോ എന്ന കാര്യത്തില്‍ വ്യക്തത വരുത്തിയിട്ടുമില്ല.