ചെന്നൈ: വിദേശ സംഭാവന നിയന്ത്രണ നിയമം (F.C.R.A) 2026-ലെ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് ഉയർന്ന ആശങ്കകൾ കേന്ദ്ര സർക്കാർ ഗൗരവമായി പരിഗണിക്കണമെന്ന് തമിഴ്നാട് മുൻ മുഖ്യമന്ത്രി, ഡി.എം.കെ. അധ്യക്ഷൻ എം.കെ. സ്റ്റാലിൻ ആവശ്യപ്പെട്ടു. ഭേദഗതി ബിൽ പിൻവലിക്കണമെന്നും നിലവിലെ നിയമം സമഗ്രമായി പുനഃപരിശോധിക്കണമെന്നുമുള്ള ന്യൂനപക്ഷ സംഘടനകളുടെ സംയുക്ത പ്രതിനിധി സംഘത്തിന്റെ ആവശ്യങ്ങൾക്ക് അദ്ദേഹം പിന്തുണ പ്രഖ്യാപിച്ചു. പ്രതിനിധി സംഘത്തിൻ്റെ ആവശ്യങ്ങൾ അംഗീകരിച്ച സ്റ്റാലിൻ, നിർദിഷ്ട ഭേദഗതികൾ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയും പങ്കുവച്ചു. പാർലമെൻ്റിൻ്റെ ഇപ്പോഴത്തെ മൺസൂൺ സമ്മേളനത്തിൽ തന്നെ ഈ വിഷയത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിച്ചു.
ആഗസ്റ്റ് 6-ന് ന്യൂഡൽഹിയിൽ ഡി.എം.കെ. എം.പി. പി. വിൽസൻ്റെ നേതൃത്വത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ക്രൈസ്തവ, മുസ്ലിം ഉൾപ്പെടെയുള്ള ന്യൂനപക്ഷ മതനേതാക്കൾ ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എഫ്.സി.ആർ.എ ഭേദഗതി ബിൽ 2026 പിൻവലിക്കുക, നിലവിലെ നിയമത്തിലെ വകുപ്പ് 15 റദ്ദാക്കുക, 2010-ലെ എഫ്.സി.ആർ.എ നിയമവും പുതിയ ഭേദഗതി ബില്ലും സംയുക്ത പാർലമെന്ററി സമിതിയുടെ (ജെ.പി.സി.) വിശദപരിശോധനയ്ക്ക് വിടുക എന്നീ ആവശ്യങ്ങളാണ് പ്രതിനിധി സംഘം മുന്നോട്ടുവച്ചിട്ടുള്ളത്.