റവ. ഡൊമിനിക് യോ വേൾഡ് അസംബ്ലീസ് ഓഫ് ഗോഡ് ഫെലോഷിപ്പിന്റെ ചെയർമാനായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു
ഘാന: അസംബ്ലീസ് ഓഫ് ഗോഡ് ഓഫ് സിംഗപ്പൂരിന്റെ ജനറൽ സൂപ്രണ്ടന്റായി സേവനമനുഷ്ഠിക്കുന്ന, ക്രിസ്ത്യൻ ശുശ്രൂഷകനും ആഗോള പെന്തക്കോസ്ത് നേതാവുമായ റവ. ഡൊമിനിക് യോ, ‘വേൾഡ് അസംബ്ലീസ് ഓഫ് ഗോഡ് ഫെലോഷിപ്പി’ന്റെ (WAGF) ചെയർമാനായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഒക്ടോബർ 12 ന് ഘാനയിൽ നടന്ന നേതാക്കളുടെ പ്രത്യേക സമ്മേളനത്തിൽ വെച്ചാണ് അദ്ദേഹം വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്. 2010 ഏപ്രിൽ മുതൽ അദ്ദേഹം ‘അസംബ്ലീസ് ഓഫ് ഗോഡ് ഓഫ് സിംഗപ്പൂരി’ന്റെ ജനറൽ സൂപ്രണ്ടന്റായി സേവനമനുഷ്ഠിക്കുന്നു. മുൻപ്, 2023 ഒക്ടോബറിൽ ‘വേൾഡ് അസംബ്ലീസ് ഓഫ് ഗോഡ് ഫെലോഷിപ്പി’ന്റെ (WAGF) ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു, എന്നാൽ കഴിഞ്ഞ മാസം ഒക്ടോബറിൽ വീണ്ടും തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. ‘പെന്തക്കോസ്റ്റൽ വേൾഡ് ഫെലോഷിപ്പി’ന്റെ ഉപദേശക സമിതി അംഗം കൂടിയാണ് അദ്ദേഹം.
റിപ്പബ്ലിക് ഓഫ് സിംഗപ്പൂർ എയർ ഫോഴ്സിൽ എയർ ട്രാഫിക് കൺട്രോളറായിരുന്ന യോ, മുഴുവൻ സമയ ശുശ്രൂഷയിലേക്ക് കടന്നുവരുന്നതിനായി 1985 മാർച്ചിൽ ആ ജോലി രാജിവച്ചു. വിദേശ രാജ്യങ്ങളിലെ സുവിശേഷ യോഗങ്ങൾ, പുതിയ സഭകൾ സ്ഥാപിക്കൽ, യുവജന-ക്യാമ്പസ് നേതൃത്വം, വിഭവ വികസനം എന്നിവയായിരുന്നു അദ്ദേഹത്തിന്റെ ആദ്യകാല പ്രവർത്തനങ്ങളിൽ ഉൾപ്പെട്ടിരുന്നത്. 2005 മുതൽ 2023 വരെ ‘ട്രിനിറ്റി ക്രിസ്ത്യൻ സെന്ററി’ന്റെ മുഖ്യ ശുശ്രൂഷകനായി സേവനമനുഷ്ഠിച്ച അദ്ദേഹം, ആ സഭയെ 10,000 അംഗങ്ങളുള്ള ഒരു പ്രസ്ഥാനമായി വളർത്തി; ഓസ്ട്രേലിയ, ഇന്തോനേഷ്യ, തായ്ലൻഡ് എന്നിവിടങ്ങളിൽ ഇതിന് ശാഖകളുണ്ട്. കൂടാതെ, ടി.സി.എ (TCA) കോളേജിന്റെ വൈസ് ചാൻസലറായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ ‘ട്രിനിറ്റി’യുടെ ‘അംബാസഡർ-അറ്റ്-ലാർജ്’ (പ്രത്യേക പ്രതിനിധി) ആയി അദ്ദേഹം സേവനമനുഷ്ഠിക്കുന്നു.
വേൾഡ് അസംബ്ലീസ് ഓഫ് ഗോഡ് ഫെലോഷിപ്പ് (WAGF) ചെയർമാൻ എന്ന നിലയിൽ, ആഗോള സുവിശേഷ ദൗത്യങ്ങൾ, നേതൃത്വ വികസനം, പുതിയ സഭകൾ സ്ഥാപിക്കൽ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന അദ്ദേഹം, 2033-ഓടെ പത്തു ലക്ഷം പുതിയ സഭകൾ സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നു. ഒക്ടോബർ 14-16 തീയതികളിൽ ഘാനയിലെ അക്രയിൽ നടക്കുന്ന പത്താമത് ‘വേൾഡ് അസംബ്ലീസ് ഓഫ് ഗോഡ് കോൺഗ്രസി’ൽ (മൂന്ന് വർഷത്തിലൊരിക്കൽ നടക്കുന്ന സമ്മേളനം) അദ്ദേഹം പങ്കെടുക്കുന്നു. അവിടെ വെച്ച്, പ്രാദേശിക സഭാ നേതാക്കൾക്കൊപ്പം ചേർന്ന് പ്രസിഡന്റ് ജോൺ ഡ്രാമൻ മഹാമയെ അദ്ദേഹം സന്ദർശിച്ചു. സിംഗപ്പൂർ സ്വദേശിയായ അദ്ദേഹത്തിന്റെ ഭാര്യ ചിൻ ഇൻ, മക്കൾ നതാലി, മത്തായൂസ് എന്നിവരാണ്.