ക്രൈസ്തവരുടെമേൽ മതപരിവര്‍ത്തന നിയമങ്ങള്‍ കര്ക്കശമാക്കുന്നതിനെതിരെ മാര്‍ തോമസ് തറയില്‍
ചങ്ങനാശേരി: മതപരിവർത്തനത്തിന്റെയും എഫ്സിആര്എയുടെയും പേരില്‍ ക്രൈസ്തവ മതന്യൂനപക്ഷങ്ങള്‍ക്കെതിരേ നിയമങ്ങള്‍ കൊണ്ടുവരാനും കേസുകള്‍ ചുമത്താനുമുള്ള വ്യഗ്രതയാണ് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നു കാണുന്നതെന്ന് ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍. കേരളത്തിലെ സിഎസ്ഐ വൈദികരുടെ കോട്ടയത്ത് നടന്ന ‘കൊയ്നോണിയ-2026’ സംഗമത്തിലായിരുന്നു വിമർശനം. ഈ വിഷയങ്ങളിൽ നിയമ നടപടികളും കേസുകളും കര്‍ക്കശമാക്കുന്നത് ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ക്കെതിരേ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
നിയമം ലംഘിച്ചതിന്റെ പേരില്‍ എഫ്സിആര്‍എ റദ്ദ് ചെയ്താല്‍ അതു മനസിലാക്കാം. കൃത്യമായ നിയമങ്ങളും കണക്കുകളും പാലിച്ചാണ് ക്രൈസ്തവര്‍ എഫ്സിആര്‍എ ഫണ്ട് ചെലവഴിക്കുന്നത്. അഞ്ചുവര്‍ഷത്തേക്കാണ് എഫ്സിആര്‍എ നിയമമുണ്ടായിരുന്നത്. ഇത് പുതുക്കി നല്കാന് ആവശ്യപ്പെട്ടിട്ട് പുതുക്കി നല്‍കുന്നില്ല. അങ്ങനെയാണെങ്കില്‍ നേരത്തേ എഫ്സിആര്‍എ ഉപയോഗിച്ച് ഭാഗികമായി പോലും സജ്ജമാക്കിയ സംവിധാനങ്ങള്‍ ഏറ്റെടുക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്.
എഫ്സിആര്‍എ വേണ്ടെന്നുവച്ചാല്പോലും ക്രൈസ്തവ സഭകളുടെ പ്രവര്‍ത്തനങ്ങള്‍ ക്ക് ബുദ്ധിമുട്ടുണ്ടാകില്ല. എന്നാല്‍ മുന്‍കാലങ്ങളില്‍ എഫ്സിആര്‍എയിലൂടെ സ്ഥാപിക്കപ്പെട്ട സംവിധാനങ്ങള്‍ നിയമം അനുശാസിക്കുന്ന അതോറിറ്റിയുടെ കീഴില്‍ കൊണ്ടുവരാന്‍ ശ്രമങ്ങള്‍ നടത്തിയപ്പോഴാണ് സഭയുടെ ഭാഗത്തുനിന്ന് എതിര്‍പ്പുണ്ടായത്. ഇന്ത്യയില്‍ ക്രൈസ്തവ മതത്തിലേക്കു മാത്രമല്ല ഹിന്ദുമതത്തിലേക്കും പരിവര്‍ത്തനം നടക്കുന്നുണ്ട്. എന്നാല്‍, ക്രൈസ്തവസമൂഹം വലിയ കുറ്റം ചെയ്തെന്ന ആരോപണമാണ് ഉയര്‍ത്തുന്നതെന്നും മാര്‍ തോമസ് തറയില്‍ പറഞ്ഞു.