നാഗ്പൂർ: ഒരാളോട് മതം മാറാൻ ആവശ്യപ്പെടുന്നത് മറ്റൊരു വിഭാഗത്തിന്റെ മതവികാരങ്ങളെ വ്രണപ്പെടുത്തലോ മതത്തെ അപമാനിക്കലോ അല്ലെന്ന് ബോംബെ ഹൈക്കോടതി. ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യാൻ പ്രേരിപ്പിച്ചുവെന്നാരോപിച്ച് നാല് പേർക്കെതിരെ രജിസ്റ്റർ ചെയ്ത കേസും കുറ്റപത്രവും റദ്ദാക്കിക്കൊണ്ടാണ് നാഗ്പൂർ ബെഞ്ചിലെ ജസ്റ്റിസ് എം.ഡബ്ല്യു. ചന്ദ്വാനി സുപ്രധാന വിധി പുറപ്പെടുവിച്ചത്.
അമരാവതി സ്വദേശികളായ ജോസഫ് ഖുദാവന്ത്, മകൻ വിക്ടർ ഖുദാവന്ത്, മരുമകൾ എൽവിന ഖുദാവന്ത്, സാമൂഹിക പ്രവർത്തകനായ അനന്ത് മങ്കർ എന്നിവർക്കെതിരായ ക്രിമിനൽ നടപടികളാണ് കോടതി പൂർണമായും തള്ളിയത്. സാമ്പത്തിക സഹായവും പാർപ്പിടവും വാഗ്ദാനം ചെയ്ത് ദമ്പതികളെ ക്രിസ്തുമതത്തിലേക്ക് മാറ്റാൻ ശ്രമിച്ചുവെന്നായിരുന്നു ഇവർക്കെതിരെയുള്ള ആരോപണം. പ്രതികൾ തങ്ങളുടെ മതവിശ്വാസം പ്രചരിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും, ഏതെങ്കിലും വിഭാഗത്തിന്റെ മതവികാരങ്ങളെ മനഃപൂർവം വ്രണപ്പെടുത്താനുള്ള ഉദ്ദേശ്യം ഇതിലില്ലെന്നും കോടതി നിരീക്ഷിച്ചു.
സ്വന്തം മതം മറ്റുള്ളവരിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നത് മറ്റൊരു മതവിഭാഗത്തെ അവഹേളിക്കലല്ലെന്ന് ഉത്തരവിൽ വ്യക്തമാക്കി. കൂടാതെ, കേസിനാസ്പദമായ സംഭവം നടന്ന 2025-ൽ മഹാരാഷ്ട്രയിൽ പ്രലോഭനങ്ങൾ വഴിയുള്ള മതപരിവർത്തനം തടയുന്ന പ്രത്യേക നിയമങ്ങൾ പ്രാബല്യത്തിലുണ്ടായിരുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. 2026 ഓഗസ്റ്റ് 28-നാണ് സംസ്ഥാനത്ത് നിർബന്ധിത മതപരിവർത്തന നിരോധന നിയമം നിലവിൽ വന്നത്. ഭരണഘടനാപരമായ മതസ്വാതന്ത്ര്യത്തെയും വിശ്വാസപ്രചാരണത്തെയും മാനിക്കുന്ന കോടതിയുടെ ഈ ഉത്തരവ് ക്രൈസ്തവ സമൂഹത്തിന് വലിയ ആശ്വാസം പകരുന്നതാണ്.