ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റിന് മുളക്കുഴയിൽ പുതിയ കൺവൻഷൻ സ്റ്റേഡിയം
മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ, കേരള സ്റ്റേറ്റിന് സഭാ ആസ്ഥാനമായ മുളക്കുഴയിൽ പുതിയ കൺവെൻഷൻ സ്റ്റേഡിയം ഒരുങ്ങുന്നു. മുളക്കുഴയിലെ സ്റ്റേറ്റ് ഓഫീസിനോട് ചേർന്ന് പുതുതായി വാങ്ങിയ മൂന്നര ഏക്കറോളം വരുന്ന സ്ഥലത്താണ് ഗ്രൗണ്ട് ഒരുങ്ങുന്നത്. പതിനൊന്നാമത് ഓവർസിയറായി ചുമതലയേറ്റ റവ. വൈ. റെജിയുടെ നേതൃത്വത്തിൽ നടത്തിയ പരിശ്രമത്തിന്റെ ഭാഗമായാണ് ഇപ്പോൾ മുളക്കുഴയിലെ കൺവൻഷൻ സ്റ്റേഡിയം എന്ന ആവശ്യം സാധ്യമായത്. പുതിയ കൺവെൻഷൻ ഗ്രൗണ്ടിന്റെ സമർപ്പണ ശുശ്രൂഷ സൗത്ത് ഏഷ്യൻ സൂപ്രണ്ടന്റ് റവ. സി.സി. തോമസ് നിർവഹിച്ചു. സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ വൈ. റെജി നേതൃത്വം നൽകി.
ദൈവസഭയുടെ ചരിത്രം പേറുന്ന മുളക്കുഴയിൽ ഒരു സ്റ്റേഡിയം എന്ന ചിരകാല ആവശ്യത്തിനാണ് സാക്ഷാത്ക്കാരമാകുന്നത്. നിലവിലെ തിരുവല്ല കൺവെൻഷൻ സ്റ്റേഡിയത്തിൽ ഉൾക്കൊള്ളാൻ കഴിയുന്നതിലും കൂടുതൽ വിശ്വാസികൾ കൺവെൻഷനിൽ പങ്കെടുക്കുന്ന സാഹചര്യത്തിലാണ് പുതിയ വേദി ഒരുക്കുന്നത്. കൂടുതൽ ആളുകളെ ഉൾക്കൊള്ളുന്നതിനും വിപുലമായ സൗകര്യങ്ങളോടെ കൺവെൻഷനുകൾ നടത്തുന്നതിനും പുതിയ ഗ്രൗണ്ട് പ്രയോജനപ്പെടും. നിലവിലെ ക്യാമ്പസിനോട് ചേർന്നു കിടക്കുന്ന ഭൂമി തന്നെ ലഭ്യമായതിനാൽ വിശാലമായ പാർക്കിംഗും താമസ സൗകര്യവും ലഭ്യമാകും.