കത്തോലിക്ക–മാർത്തോമ്മാ സഭകൾ കൂടുതൽ ഐക്യത്തിലേക്ക്
പാലാ: കത്തോലിക്കാ സഭയും മാർത്തോമാ സഭയും കൂടുതൽ ഐക്യത്തിലേക്ക് നീങ്ങുവാൻ നാലാമത് ഉഭയകക്ഷി സമ്മേളനം തീരുമാനിച്ചു. ഇരു സഭകളുടെയും നാലാമത് ഉഭയകക്ഷി കൂടിക്കാഴ്ച ഒക്ടോബർ 16 പാലായിൽ നടന്നു. പാലാ ബിഷപ്പ് ഹൗസിൽ നടന്ന കൂടിക്കാഴ്ചയിൽ, ഇരു സഭകളും തമ്മിലുള്ള എക്യുമെനിക്കൽ ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ദൈവശാസ്ത്രപരമായ ധാരണ വളർത്തുന്നതിനും ക്രൈസ്തവ സാക്ഷ്യം സഹകരിച്ച് മുന്നോട്ടുകൊണ്ടുപോകുന്നതിനുമുള്ള പ്രതിബദ്ധത വീണ്ടും ഉറപ്പിച്ചു.
കത്തോലിക്കാ പ്രതിനിധി സംഘത്തിന് ഹിസ് എക്സലൻസി ആർച്ച്ബിഷപ്പ് ഫ്ലാവിയോ പേസ് (കോ-ചെയർ) നേതൃത്വം നൽകി. ആർച്ച്ബിഷപ്പ് മാർ മാത്യു മൂലക്കാട്ട്, ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്, ആർച്ച്ബിഷപ്പ് തോമസ് മാർ കൂറിലോസ്, ബിഷപ് ഡോ. സിൽവെസ്റ്റർ പൊന്നുമുത്തൻ, ഫാ. ഡോ. ഫിലിപ്പ് നെൽപ്പുരപ്പറമ്പിൽ, റവ.ഫാ. ഡോ. അഗസ്റ്റിൻ കടേപ്പറമ്പിൽ, ഫാ.ഡോ. ഹയസിന്ത് ഡെസ്റ്റിവെല്ലെ, ഒ.പി. എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.
മാർത്തോമ്മാ പ്രതിനിധി സംഘത്തിന് റൈറ്റ് റവ. ഡോ. ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്ത (കോ-ചെയർ) നേതൃത്വം നൽകി. റൈറ്റ് റവ. ഡോ. ഐസക് മാർ ഫിലക്സിനോസ് എപ്പിസ്കോപ്പ, റൈറ്റ് റവ. ഡോ. പി.ഡി. ജോസഫ് മാർ ഇവാനിയോസ് എപ്പിസ്കോപ്പ, റവ. ഡാനിയേൽ വർഗീസ് (സഭാ സെക്രട്ടറി), റവ. ഡോ. ഷിബി വർഗീസ് പി., റവ.ഡോ. അരുൺ തോമസ് എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.

ഈ യോഗത്തിൽ ഡോ. പി.ഡി. ജോസഫ് മാർ ഇവാനിയോസ് എപ്പിസ്കോപ്പ, ഫാ.ഡോ. അഗസ്റ്റിൻ കടേപ്പറമ്പിൽ, റവ. ഡോ. ഷിബി വർഗീസ് പി. എന്നിവർ ദൈവശാസ്ത്രപരമായ വിഷയങ്ങളിൽ അവതരണങ്ങൾ നടത്തി. ക്രിസ്തീയ ഐക്യം ലക്ഷ്യമാക്കി, ദൈവശാസ്ത്രപരമായ സംവാദങ്ങൾ തുടരുന്നതിനും, പരസ്പര ധാരണയും സഹകരണവും വളർത്തുന്നതിനുമുള്ള ഇരു സഭകളുടെയും പ്രതിബദ്ധത ആവർത്തിച്ചുറപ്പിച്ചുകൊണ്ട് യോഗം സമാപിച്ചു.