(വാർത്ത: പാസ്റ്റർ എം.ജെ. സണ്ണി; ബ്രദർ. ലിബിൻ വർഗീസ്)
മൈലാടിക്കര: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള റീജിയൻ മൈലാടിക്കര സഭാംഗം ചക്കാംമ്പുഴ വീട്ടിൽ റോൺ സാം ജോയി (25) വാഹന അപകടത്തിൽ നിത്യതയിൽ ചേർക്കപ്പെട്ടു. പത്താം തീയതി ചൊവ്വാഴ്ച പോസ്റ്റുമോർട്ട നടപടികൾ പൂർത്തീകരിച്ച്, 11മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതാണ്. സംസ്കാര ശുശ്രൂഷ ചൊവ്വാഴച ഉച്ചകഴിഞ്ഞ് 3.30 ന് ഭവനത്തിലെ ശുശ്രൂഷക്ക് ശേഷം വാഴൂർ സെന്റർ സഭാ (കാപ്പുകാട്) സെമിത്തേരിയിൽ ദൈവസഭ അഡ്മിനിസ്ട്രേറ്റീവ് ബിഷപ്പ് റവ. ജോമോൻ ജോസഫിന്റെ മുഖ്യകാർമികത്വത്തിൽ നടക്കും. സഭാ പാസ്റ്റർ വില്യം ജേക്കബ് സഹ ശുശ്രുഷകൻ ആയിരിക്കും. പരേതരായ ജോയിയുടെയും ലീലാമ്മയുടെയും മകനാണ് റോൺ. റിച്ചു ഹന്ന ജോയ് ഏക സഹോദരിയാണ്.
ഫുട്ബോൾ കളിയിൽ കാലിന് സംഭവിച്ച പരിക്ക് ചികിത്സിക്കുന്നതിനായി ആശുപത്രിയിൽ സുഹൃത്തിനൊപ്പം സ്കൂട്ടറിൽ പിൻസീറ്റിൽ യാത്രചെയ്കയിൽ ചെങ്ങളത്തുവെച്ച് ടോറസ് ലോറിയുടെ പിൻപിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. പാലാ മാർ സ്ലീവാ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. പഠനത്തിൽ മിടുക്കനായിരുന്ന റോൺ ഇടുക്കി ഗവൺമെന്റ് എൻജിനീയറിങ് കോളേജിൽ ബിടെക് (മെക്കാനിക്ക്) പഠനം പൂർത്തീകരിച്ച് ഐഎൽടിഎസ് കോഴ്സ് ചെയ്യുകയായിരുന്നു. മികച്ച ഫുട്ബോൾ കളിക്കാരൻ ആണ്. മാതാപിതാക്കൾ ബാല്യത്തിൽ നഷ്ടപ്പെട്ട സഹോദരങ്ങൾ രണ്ടും അമ്മയുടെ സഹോദരിമാരുടെ സംരക്ഷണത്തിലാണ് വളർന്നത്; YPE യുവജന ക്യാമ്പിൽ താലന്ത് പരിശോധനയിൽ സജീവമായി പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തിരുന്നു. ദൈവസഭയുടെ സജീവ അംഗമായിരുന്നു.