ക്രിസ്തു വിശ്വാസം തള്ളിപ്പറഞ്ഞില്ല: ഗ്രാമത്തിൽ നിന്നും പുറത്താക്കി
റായ്പൂര്‍ (ഛത്തീസ്ഗഡ്): ക്രൈസ്തവ വിശ്വാസം ഉപേക്ഷിക്കാന്‍ വിസമ്മതിച്ച ക്രിസ്ത്യന്‍ കുടുംബങ്ങളെ ഛത്തീസ്ഗഡിലെ രണ്ട് ഗ്രാമങ്ങളില്‍നിന്ന് ബലമായി പുറത്താക്കി, വീട്ടുസാധനങ്ങളെല്ലാം നശിപ്പിച്ച് വീടുകള്‍ തകര്‍ക്കുകയും ചെയ്തു. കാങ്കര്‍ ജില്ലയിലെ ചിന്ദ്പാല് ഗ്രാമത്തിലും സുക്മാ ജില്ലയിലെ ദിയോര്പള്ളി ഗ്രാമത്തില്‍നിന്നുമാണ് ഈ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പീഡിത ക്രൈസ്തവരുടെ വാര്‍ത്തകള്‍ റിപ്പോർട്ടു ചെയ്യുന്ന ‘ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ കണ്‍സേണ്‍’ (ICC) ആണ് വാര്‍ത്ത പുറത്തു വിട്ടിരിക്കുന്നത്. വീടും സമ്പാദ്യങ്ങളും നഷ്ടപ്പെട്ട കുടുംബങ്ങളുടെ ഭാവി അനിശ്ചിതത്തിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ക്രൈസ്തവ വിശ്വാസം ഉപേക്ഷിച്ച് പരമ്പരാഗത മതവിശ്വാസങ്ങളിലേക്കും ആചാരങ്ങളിലേക്കും മടങ്ങിച്ചെല്ലാന്‍ വിസമ്മതിച്ചതിനെതുടര്‍ന്നായിരുന്നു അക്രമം ഉണ്ടായത്. ഒക്ടോബര്‍ രണ്ടാം ആഴ്ചയിൽ സുക്മാ ജില്ലയിലെ ഗൊര്ഗുണ്ട പഞ്ചായത്തിലെ ദിയോര്പള്ളി ഗ്രാമ ത്തിൽ ഒരു പാസ്റ്ററുടെ വീട് ഉള്‍പ്പെടെ അഞ്ച് വീടുകള്‍ തകര്‍ത്തു. ഏകദേശം 10 ദിവസങ്ങൾക്കു ശേഷം കാങ്കര്‍ ജില്ലയിലെ ചിന്ദ്പാല് ഗ്രാമത്തില്‍ ഒക്ടോബര്‍ 24-നാണ് ഒരു ക്രിസ്ത്യന്‍ കുടുംബത്തെ വീടൊഴിപ്പിച്ചത്. ഇവരുടെ വീട്ടുസാധനങ്ങള്‍ എറിഞ്ഞ് തകര്‍ക്കുകയും ചെയ്തു.
ഛത്തീസ്ഗഡില്‍ ക്രൈസ്തവര്‍ക്കെതിരെയുള്ള അക്രമങ്ങള്‍ വര്‍ധിക്കുമ്പോഴും ഭരണ നേതൃത്വം നിസംഗതയിലാണ്. അധികൃതരുടെ അയഞ്ഞനിലപാട് അക്രമികള്‍ക്ക് കരുത്തായി മാറുകയാണ്. ഇത്തരം അനിഷ്ടസംഭവങ്ങള്‍ ഉണ്ടായിട്ടും പോലീസിന്റെ ഭാഗത്തുനിന്നും വേണ്ടത്ര ഇടപെടലുകള്‍ ഉണ്ടാകുന്നില്ലെന്ന ആരോപണങ്ങളും ഉയര്‍ന്നുകഴിഞ്ഞു.