വിശ്വാസ സമൂഹങ്ങള്‍ക്കായി നടപ്പിലാക്കിയ 250 പ്രധാന തീരുമാനങ്ങള്‍ പുറത്തുവിട്ട് വൈറ്റ് ഹൗസ്
വാഷിംഗ്ടൺ D.C.: വിശ്വാസ സമൂഹങ്ങള്‍ക്കായി തങ്ങള്‍ നടപ്പിലാക്കിയ 250 പ്രധാന തീരുമാനങ്ങള്‍ ‘വിശ്വാസ വിജയങ്ങള്‍’ എന്ന പേരില്‍ പുറത്തുവിട്ട് വൈറ്റ് ഹൗസ്. സാന്മാര്ഗ്ഗിക മൂല്യങ്ങള്‍ക്കും മതസ്വാതന്ത്ര്യത്തിനും മുന്‍ഗണന നല്കുന്ന അമേരിക്കന്‍ ഭരണകൂട നടപടികളെ ക്രിസ്ത്യൻ സമൂഹം സ്വാഗതം ചെയ്തു. എന്നാല്‍, ഐ.വി.എഫ് (IVF) ഉള്‍പ്പെടെയുള്ള കൃത്രിമ ഗര്‍ഭധാരണ രീതികളെ പ്രോത്സാഹിപ്പിക്കുന്ന ചില നയങ്ങളില്‍ സഭാ നേതൃത്വവും പ്രോ-ലൈഫ് പ്രസ്ഥാനങ്ങളും ആശങ്ക രേഖപ്പെടുത്തി. വൈറ്റ് ഹൗസ് ഫെയ്ത്ത് ഓഫീസ് ഡയറക്ടര്‍ ജെനി കോണ്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍, മതസ്വാതന്ത്ര്യം, ആരാധനാലയങ്ങളുടെ സംരക്ഷണം, വിദ്യാലയങ്ങളിലെ സ്വാതന്ത്ര്യം, ഗര്‍ഭസ്ഥ ശിശുക്കളുടെ അവകാശം ഉള്‍പ്പെടെ 25 മേഖലകളിലായി നടപ്പിലാക്കിയ 250 നേട്ടങ്ങളാണ് ചൂണ്ടിക്കാണിക്കുന്നത്. ഫെഡറല്‍ സ്ഥാപനങ്ങള്‍ക്കും ചാരിറ്റബിള്‍ സംഘടനകള്‍ക്കും ഔദ്യോഗിക പരിപാടികളില്‍ പ്രാര്‍ത്ഥന ഉള്‍പ്പെടുത്താന്‍ കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുന്നതാണ് പുതിയ നയങ്ങള്‍.
ഗര്‍ഭച്ഛിദ്രം, വന്ധ്യംകരണ ശസ്ത്രക്രിയകള്‍, ദയാവധം എന്നിവയില്‍ പങ്കാളികളാകാന്‍ മനസ്സ് അനുവദിക്കാത്ത ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പൂര്‍ണ്ണ സംരക്ഷണം നല്കുന്ന ‘കോണ്‍ഷ്യന്‍സ് റൈറ്റ്സ്’ ഭരണകൂടം ഉറപ്പാക്കി. തങ്ങളുടെ മതവിശ്വാസത്തിന് വിരുദ്ധമായി ഗര്‍ഭച്ഛിദ്ര ഗുളികകള്‍ വിതരണം ചെയ്യാന്‍ ഫാര്‍മസിസ്റ്റുകളെ നിര്‍ബന്ധിക്കില്ലെന്ന ഹെല്‍ത്ത് ആന്റ് ഹ്യൂമന്‍ സര്‍വീസസിന്റെ പുതിയ ഉത്തരവും റിപ്പോര്‍ട്ടില്‍ എടുത്തുകാണിക്കുന്നു. എന്നാല്‍ വൈറ്റ് ഹൗസിന്റെ റിപ്പോര്‍ട്ടില്‍ ഐ.വി.എഫ് സാങ്കേതികവിദ്യയുടെ ലഭ്യത വര്‍ദ്ധിപ്പിച്ചത് നേട്ടമായി ചിത്രീകരിച്ചതാണ് സഭയെയും പ്രോലൈഫ് പ്രവർത്തകരെയും ചൊടിപ്പിച്ചത്. മാനവ ജീവന്റെ പരിശുദ്ധിക്ക് എതിരായ ഐ.വി.എഫ് രീതികളെ ക്രിസ്ത്യൻ സഭ പൂര്‍ണ്ണമായി എതിര്‍ക്കുമ്പോള്‍, ഈ നയത്തില്‍ പുനഃപരിശോധന വേണമെന്ന് സഭാ നേതൃത്വം ആവശ്യപ്പെട്ടു. ഗര്‍ഭച്ഛിദ്ര മരുന്നായ ‘മിഫെപ്രിസ്റ്റോണ്‍’ സംബന്ധിച്ച് എഫ്.ഡി.എ വീണ്ടും പഠനം നടത്തിവരികയാണെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. നിലപാടുകളില്‍ ചില വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും, സഭാ നേതാക്കന്മാരുമായും പ്രോ-ലൈഫ് സംഘടനകളുമായും തുടര്‍ച്ചയായ സംവാദങ്ങള്‍ നടത്തുമെന്ന് വൈറ്റ് ഹൗസ് പ്രതിനിധികള്‍ ഉറപ്പുനല്‍കി.