ക്രിസ്തു വിശ്വാസം സ്വീകരിച്ച പെൺമക്കളെ കൊല്ലാൻ പിതാവ് വീടിന് തീയിട്ടു
കിസെൻഗെ (ഉഗാണ്ട): യേശുക്രിസ്തുവിനെ രക്ഷകനും ദൈവവുമായി സ്വീകരിച്ച തൻ്റെ രണ്ടു പെൺമക്കളെ ജീവനോടെ ചുട്ടുകൊല്ലാനായി അവരുടെ മുസ്ളീം പിതാവ് വീടിനു തീയിട്ടു. സെപ്റ്റംബർ 6-ന് അർദ്ധരാത്രിയിൽ ഉഗാണ്ടയിലെ കസെസെ ജില്ലയിലെ കിസെൻഗെയിലായിരുന്നു അതിക്രൂരമായ സംഭവം നടന്നത്. ഓഗസ്റ്റ് മാസം 26-ാം തീയതി ആമിനയും സഹോദരി ഷമിലയും യേശുവിൽ വിശ്വസിച്ച് രക്ഷിക്കപ്പെടുവാനിടയായി. ഇതറിഞ്ഞ പിതാവ് മുഹമ്മദ് അവരെ ചോദ്യം ചെയ്തു. ഇസ്ളാമിനെ നിരസിച്ചതിനാൽ ഇസ്ളാമിക നിയമം പാലിക്കാൻ നടപടിയെടുക്കുമെന്ന് പിതാവ് കുട്ടികളോടു പറഞ്ഞു. അവർ തീരുമാനത്തിൽ ഉറച്ചു നിന്നതിനാൽ അവരെ കൊലപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ പെൺകുട്ടികൾ വീടിനുള്ളിൽ ഉറങ്ങുമ്പോൾ മുഹമ്മദ് പെട്രോളൊഴിച്ച് വീടിന് തീയിടുകയായിരുന്നു. പെട്രോളിന്റെ ഗന്ധവും ചുറ്റും തീജ്വാലകളും ഉയർന്നപ്പോൾ പെൺകുട്ടികൾ പെട്ടെന്ന് ഉണർന്നതിനാൽ കഷ്ടിച്ചു രക്ഷപെടുകയായിരുന്നു.
‘ഞങ്ങളുടെ ജീവൻ അപകടത്തിലാണെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു’ ഷമീല പറഞ്ഞു. ‘ഞങ്ങൾ വീടിന്റെ കട്ടകൾ നീക്കം ചെയ്ത് ആ ദ്വാരത്തിലൂടെ രക്ഷപെടുകയായിരുന്നു. ജീവനോടെ പുറത്തേക്കു കടക്കാൻ ഒരു വഴി കാണിച്ചതിനു ദൈവത്തിനു നന്ദി’ അവർ പറയുന്നു. അവരുടെ വീട് കത്തിയമർന്നു. സാധന സാമഗ്രികൾ കത്തിനശിച്ചു. തീപിടുത്തത്തിനുശേഷം തന്റെയും സഹോദരിയുടെയും വിശ്വാസം മുമ്പത്തേക്കാൾ കൂടുതൽ ശക്തമായി എന്ന് ആമിന സാക്ഷീകരിക്കുന്നു. ‘ഞങ്ങളുടെ അഭയ കേന്ദ്രം തീ വിഴുങ്ങിക്കളഞ്ഞു. പക്ഷെ യേശുക്രിസ്തുവിലുള്ള ഞങ്ങളുടെ വിശ്വാസവും പ്രത്യാശയും തീ ദഹിപ്പിച്ചില്ല’ ഇരുവരും പറഞ്ഞു. ‘സംഭവത്തിനുശേഷം അയൽക്കാരായ ക്രിസ്ത്യാനികൾ ഞങ്ങളെ സഹായിക്കാനായി എത്തി’ അവർ കൂട്ടിച്ചേർത്തു.