ഐ.പി.സി ബഹ്റൈൻ സഭയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് അനുഗ്രഹീത സമാപ്തി
മനാമ: മിഡിൽ ഈസ്റ്റിലെ ആദ്യ മലയാളി പെന്തെക്കോസ്ത് സഭയായ ഇന്ത്യ പെന്തെക്കോസ്ത് ചർച്ച് ഓഫ് ഗോഡ് (ഐ.പി.സി ബഹ്റൈൻ) സഭയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് അനുഗ്രഹീത സമാപ്തി. നവംബർ 13, 14 തീയതികളിൽ ന്യൂ ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെട്ട യോഗങ്ങൾ കടന്നുവന്ന അനേകർക്ക് അനുഗ്രഹമായിരുന്നു. പ്രസ്തുത യോഗത്തിൽ, കർത്താവിൽ പ്രശസ്ത പ്രഭാഷകരായ പാസ്റ്റർ ബാബു ചെറിയാൻ (പിറവം), റവ. എബ്രഹാം ഉമ്മൻ (യു.എസ്.) എന്നിവർ വചന ശുശ്രുഷകൾക്ക് നേതൃത്വം നൽകി. “ക്രിസ്തുവിൽ വളരുക” (Grow in Christ) എന്നതായിരുന്നു ജൂബിലി സമ്മേളനത്തിന്റെ പ്രമേയം.
ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി “Melodies of His faithfulness” എന്ന പ്രത്യേക സംഗീതസന്ധ്യ നടത്തപ്പെട്ടു. ഐ.പി.സി ബഹ്റൈൻ ക്വയർനൊപ്പം ബഹ്റൈനിലെ വിവിധ സഭകളിൽ നിന്നുള്ള ഗായകസംഘങ്ങളും സംഗീത ആരാധനയുടെ ഭാഗമായി. സഭയുടെ ഏഴു പതിറ്റാണ്ടുകൾ നീണ്ട ആത്മീയചരിത്രവും ദൈവിക നടത്തിപ്പിന്റെ സാക്ഷ്യങ്ങളും അനുഭവങ്ങളും കോർത്തിണക്കിയ “പ്ലാറ്റിനം ജൂബിലി സുവനീർ” മീറ്റിംഗിൽ പ്രകാശനം ചെയ്തു. ഏഴു പതിറ്റാണ്ടുകളായി സഭയെ വഴിനടത്തിയ ദൈവത്തിന്റെ അളവറ്റ കൃപയ്ക്കും വിശ്വസ്തതയ്ക്കും സ്തോത്രവും മഹത്വവും അർപ്പിച്ചുകൊണ്ട് പ്ലാറ്റിനം ജൂബിലി സമ്മേളനം അനുഗ്രഹീതമായി സമാപിച്ചു.