സ്പെയിനില്‍ അതിവേഗ ട്രെയിനുകള്‍ കൂട്ടിയിടിച്ചു; 40 മരണം, നിരവധി പേർ അത്യാസന്ന നിലയിൽ
മാഡ്രിഡ്: സ്പെയിനിലെ ടൊലെഡോ പ്രവിശ്യയിൽ രണ്ട് അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണസംഖ്യം 40ലധികമെന്ന് റിപ്പോർട്ട്. നിരവധി യാത്രക്കാർക്ക് ഗുരുതരമായി പരുക്കേറ്റു. ബുധനാഴ്ച രാവിലെയായിരുന്നു അപകടം. മാഡ്രിഡിൽനിന്ന് തെക്കൻ സ്പെയിനിലേക്കുള്ള അതിവേഗ റെയിൽ പാതയിൽ ഉറ്ദ സ്റ്റേഷനു സമീപമാണ് അപകടമുണ്ടായത്. സ്പാനിഷ് റെയിൽവേ ഓപ്പറേറ്ററാ റെൻഫെയുടെ ട്രെയിനും സ്വകാര്യ കമ്പനിയായ ഇരിയോയുടെ ട്രെയിനുമാണ് അപകടത്തിൽപ്പെട്ടത്. രണ്ട് ട്രെയിനുകളിലുമായി 544 യാത്രക്കാരുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
അപകടത്തെത്തുടർന്ന് മാഡ്രിഡ്, സിയുദാദ് റിയാൽ, ആൻഡലൂഷ്യ എന്നീ പ്രദേശങ്ങൾക്കിടയിലുള്ള റെയിൽ ഗതാഗതം നിർത്തിവച്ചു. ട്രെയിനിന്റെ രണ്ട് ബോഗികൾ പാളം തെറ്റിയതായാണ് പ്രാഥമിക വിവരം. അപകടമുണ്ടായ സ്ഥലത്ത് അടിയന്തര രക്ഷാസേനയും മെഡിക്കൽ സംഘങ്ങളും എത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. പരുക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. യാത്രക്കാർക്ക് ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കാൻ പ്രാദേശിക ഭരണകൂടവും ദുരന്തനിവാരണ സേനയും രംഗത്തുണ്ട്. അപകടത്തിന്റെറെ കൃത്യമായ കാരണം വ്യക്തമായിട്ടില്ല. ട്രെയിനുകളുടെ സഞ്ചാരവും പാളങ്ങളുടെ അവസ്ഥയും ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിച്ചുവരികയാണ്.
സംഭവത്തെത്തുടർന്ന് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് അനുശോചനം രേഖപ്പെടുത്തി. അപകടത്തിൽപ്പെട്ടവർക്കും അവരുടെ കുടുംബങ്ങൾക്കും ആവശ്യമായ സഹായം ഉറപ്പാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.