തിമഥി ഇൻസ്റ്റിറ്റ്യൂട്ട് ലീഡർഷിപ്പ് മീറ്റും ചിൽഡ്രൻസ് ഫെസ്റ്റ്-2027 തീം റിലീസും നവം.9ന്
കുട്ടിക്കാനം: നേതൃത്വത്തിന്റെ മൂല്യങ്ങളും ഉത്തരവാദിത്വബോധവും പുതുതലമുറയിലേക്ക് പകരുക എന്ന ലക്ഷ്യത്തോടെ തിമഥി ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന ലീഡർഷിപ്പ് മീറ്റ് നവംബർ 9 തിങ്കളാഴ്ച രാവിലെ 10 മണിക്ക് കുട്ടിക്കാനം ചർച്ച് ഓഫ് ഗോഡിൽ വെച്ചു നടത്തപ്പെടും. ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് എഡ്യൂക്കേഷൻ ഡയറക്ടർ ഡോ. ജെയ്സൺ തോമസ് പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുക്കും. ക്രിസ്ത്യൻ എജുക്കേഷൻ കൺസൾട്ടന്റ് ഡോ. PRD പ്രഭു പ്രത്യേക പ്രഭാഷണം നടത്തും.
ലീഡർഷിപ്പ് മീറ്റിൽ തിമഥി ഇൻസ്റ്റിറ്റ്യൂട്ട് നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ചിൽഡ്രൻസ് ഫെസ്റ്റ് 2027ൻ്റെ തീം ഔദ്യോഗികമായി പ്രഖ്യാപിക്കും. സമ്മേളനത്തിൽ വിവിധ സഭകളിൽ നിന്നും ക്രൈസ്തവ വിദ്യാഭ്യാസ, ശുശ്രൂഷാ മേഖലകളിൽ നിന്നുമുള്ള സംഘാടകരും പ്രവർത്തകരും പങ്കെടുക്കും.
സമൂഹത്തിലും സഭയിലും ക്രിയാത്മകമായ നേതൃത്വം വളർത്തിയെടുക്കുന്നതിനും പുതിയ തലമുറയെ ദർശനത്തോടെയും മൂല്യബോധത്തോടെയും നയിക്കാൻ നേതാക്കളെ സജ്ജരാക്കുന്നതിനുമാണ് ലീഡർഷിപ്പ് മീറ്റിലൂടെ ലക്ഷ്യമിടുന്നത്. സമകാലിക സാഹചര്യങ്ങളിൽ ക്രൈസ്തവ നേതൃത്വത്തിന്റെ ഉത്തരവാദിത്വം, വിദ്യാഭ്യാസത്തിന്റെ പങ്ക്, കുട്ടികളുടെയും യുവജനങ്ങളുടെയും നേതൃത്വശേഷി വളർത്തുന്നതിനുള്ള സാധ്യതകൾ തുടങ്ങിയ വിഷയങ്ങൾ പരിപാടിയിൽ ചർച്ച ചെയ്യപ്പെടും.
കുട്ടികളുടെ ആത്മീയ, ധാർമിക, സാമൂഹിക വളർച്ചയ്ക്കും അവരുടെ കഴിവുകൾ കണ്ടെത്തി പരിപോഷിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള വിവിധ പ്രവർത്തനങ്ങൾക്ക് ഫെസ്റ്റ് വേദിയൊരുക്കും. സഭാ നേതാക്കൾ, പാസ്റ്റർമാർ, അധ്യാപകർ, ക്രൈസ്തവ വിദ്യാഭ്യാസ പ്രവർത്തകർ, യുവജന-ശിശു ശുശ്രൂഷാ പ്രവർത്തകർ എന്നിവർ ഉൾപ്പെടെ വിവിധ മേഖലകളിൽ നിന്നുള്ളവർ പരിപാടിയിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.