ഒക്ടോബർ (October) 5
1. മിഷനറി ചരിത്രത്തിലെ സുപ്രധാന ദിനം (1745 AD)
പ്രശസ്ത മിഷനറിയായ ഡേവിഡ് ബ്രെയിനേർഡ് (David Brainerd) അമേരിക്കയിലെ തദ്ദേശീയരായ റെഡ് ഇന്ത്യൻ വംശജർക്കിടയിൽ സുവിശേഷ പ്രഘോഷണം നടത്തുകയും വലിയ ആത്മീയ ഉണർവ് സൃഷ്ടിക്കുകയും ചെയ്തത് 1745 ഒക്ടോബർ 5-നാണ്. അദ്ദേഹത്തിന്റെ ജീവിതചരിത്രം പിൽക്കാലത്ത് വില്യം കേരി ഉൾപ്പെടെയുള്ള പ്രമുഖ മിഷനറിമാർക്ക് വലിയ പ്രചോദനമായി മാറി. അമേരിക്കയിലെ തദ്ദേശീയരായ റെഡ് ഇന്ത്യൻ വംശജരുടെ (Native Americans) ഇടയിലുള്ള അദ്ദേഹത്തിന്റെ സുവിശേഷ പ്രവർത്തനങ്ങളാണ് അദ്ദേഹത്തെ ആഗോളതലത്തിൽ ശ്രദ്ധേയനാക്കിയത്.
ഡേവിഡ് ബ്രെയിനേർഡ് (David Brainerd)
(1718–1747)
പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പ്രശസ്തനായ ഒരു അമേരിക്കൻ മിഷനറിയും ദൈവഭക്തനുമായിരുന്നു ഡേവിഡ് ബ്രെയിനേർഡ്. 1718 ഏപ്രിൽ 20-ന് കണക്റ്റിക്കട്ടിൽ ജനിച്ച അദ്ദേഹം പ്രാഥമിക വിദ്യാഭ്യാസനന്തരം ഉപരിപഠനത്തിനായി യേൽ സർവ്വകലാശാലയിൽ (Yale University) ചേർന്നെങ്കിലും ചില തർക്കങ്ങളെ തുടർന്ന് അവിടെനിന്ന് അദ്ദേഹത്തെ പുറത്താക്കി.

തുടർന്ന്, തൻ്റെ ജീവിത ദർശനമായ സുവിശേഷ പ്രവർതനത്തിൽ നിരതനായ അദ്ദേഹം ന്യൂയോർക്ക്, ന്യൂജേഴ്സി, പെൻസിൽവേനിയ തുടങ്ങിയ സ്ഥലങ്ങളിലെ റെഡ് ഇന്ത്യൻ ഗോത്രവർഗ്ഗക്കാർക്കിടയിൽ കഠിനാധ്വാനം ചെയ്തു. അവരുടെ ഭാഷ പഠിക്കുകയും ക്രിസ്തീയ സന്ദേശം എത്തിക്കുകയും ചെയ്തു. തൻ്റെ ആരോഗ്യത്തെ വകവയ്ക്കാതെ നടത്തിയ പ്രവർത്തനങ്ങളുടെ ഫലമായി, ക്ഷയരോഗ ബാധയെ തുടർന്ന് 1747 ഒക്ടോബർ 9-ന്, വെറും 29-ാം വയസ്സിൽ അദ്ദേഹം അന്തരിച്ചു.
അദ്ദേഹത്തിന്റെ മരണശേഷം, തൻ്റെ ഡയറിക്കുറിപ്പുകളുടെ സഹായത്തോടെ പ്രശസ്ത ദൈവശാസ്ത്രജ്ഞനായ ജോനാഥൻ എഡ്വേർഡ്സ് പ്രസിദ്ധീകരിച്ച “The Life of David Brainerd” എന്ന പുസ്തകം ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് മിഷനറിമാർക്ക് (വില്യം കേരി, ജോൺ വെസ്ലി, ഹെൻറി മാർട്ടിൻ തുടങ്ങിയവർക്ക്) വലിയ പ്രചോദനമായി മാറി. വളരെ ചുരുങ്ങിയ കാലം മാത്രമേ ജീവിച്ചിരുന്നുള്ളുവെങ്കിലും, പ്രാർത്ഥനയ്ക്കും ദൈവസമർപ്പണത്തിനും പ്രാധാന്യം നൽകിയ അദ്ദേഹത്തിന്റെ ജീവിതം ക്രൈസ്തവ മിഷനറി ചരിത്രത്തിലെ ഏറ്റവും സ്വാധീനമുള്ള ഒന്നായി കണക്കാക്കപ്പെടുന്നു.
2. കോൺസ്റ്റാന്റിനോപ്പിളിലെ നാലാം കൗൺസിൽ ആരംഭിച്ചു (869 AD)
ക്രിസ്തീയ സഭയുടെ ചരിത്രത്തിലെ പ്രധാന പൊതുസുന്നഹദോസുകളിൽ ഒന്നായ ‘ഫോർത്ത് കൗൺസിൽ ഓഫ് കോൺസ്റ്റാന്റിനോപ്പിൾ’ 869 ഒക്ടോബർ 5-നാണ് ആരംഭിച്ചത്. വിഗ്രഹഭഞ്ജനവാദത്തെ (Iconoclasm) അപലപിക്കാനും സഭയിലെ ആഭ്യന്തര തർക്കങ്ങൾ പരിഹരിക്കാനുമാണ് ഈ കൗൺസിൽ ചേർന്നത്.