ഐ.പി.സി ഒഡീഷ സ്റ്റേറ്റ് ഡയമണ്ട് ജൂബിലി കൺവെൻഷൻ സെപ്റ്റം. 14 – 16 തിയതികളിൽ
ബെരാംപൂർ (ഒഡീഷ): ഐ.പി.സി ഒഡീഷ സ്റ്റേറ്റ് ഡയമണ്ട് ജൂബിലി കൺവെൻഷൻ 2026 സെപ്റ്റംബർ 14 തിങ്കൾ മുതൽ 16 ബുധൻ വരെ ബെരാംപൂരിൽ ഉള്ള ഒഡിയ ബാപ്റ്റിസ്റ്റ് ചർച്ച് ആഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടും. ഐ.പി.സി ഒഡീഷ സ്റ്റേറ്റിൻ്റെ 60-ാമത് വർഷാഘോഷങ്ങളുടെ ഭാഗമായിട്ടാണ് ഈ കൺവെൻഷൻ നടത്തപ്പെടുന്നത്. ഡയമണ്ട് ജൂബിലി വർഷത്തിലെ ഈ സംസ്ഥാന കൺവെൻഷൻ ആത്മീയ ഉണർവിനും സഭകളുടെ ശക്തീകരണത്തിനും ദൈവരാജ്യത്തിന്റെ പ്രവർത്തനങ്ങളുടെ വിപുലീകരണത്തിനും അനുഗ്രഹകരമായ അവസരമാകുമെന്ന് സംഘാടകർ പ്രത്യാശ പ്രകടിപ്പിച്ചു.
മൂന്ന് ദിവസത്തെ സംസ്ഥാന കൺവെൻഷൻ ഐ.പി.സി ഒഡീഷ സ്റ്റേറ്റ് പ്രസിഡന്റ് Pr. വി. ഡി. ബാബു ഉദ്ഘാടനം ചെയ്യും. ഐ.പി.സി ഗോവ സ്റ്റേറ്റ് പ്രസിഡന്റ് Pr. വി. ജെ. തോമസ്, റവ. ഉപേന്ദ്ര പരിച, ബിഷപ്പ് എസ്. കെ. നന്ദ എന്നിവർ മുഖ്യ പ്രഭാഷകരായിരിക്കും. ഒഡീഷ സംസ്ഥാനത്തിലെ സീനിയർ പാസ്റ്റർമാരും കൺവെൻഷന്റെ വിവിധ യോഗങ്ങളിൽ ദൈവവചനത്തിൽ നിന്ന് ശുശ്രൂഷിക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പാസ്റ്റർമാരും വിശ്വാസികളും പ്രതിനിധികളും കൺവെൻഷനിൽ പങ്കെടുക്കും.
1960-കളിൽ വളരെ എളിയ രീതിയിൽ ഒഡീഷയിൽ ആരംഭിച്ച ഐ.പി.സി യുടെ പ്രവർത്തനം ഇന്ന് സംസ്ഥാനത്ത് 30 ജില്ലകളിലും സഭകളുള്ള ശക്തമായ ഒരു ആത്മീയ പ്രസ്ഥാനമായി വളർന്നിരിക്കുകയാണ്. കഴിഞ്ഞ ആറ് പതിറ്റാണ്ടുകളായി സുവിശേഷ പ്രവർത്തനത്തിലും സഭാ വളർച്ചയിലും ഐ.പി.സി ഒഡീഷ സ്റ്റേറ്റ് നിർണായകമായ പങ്കുവഹിച്ചുവരുന്നു. കൺവെൻഷന്റെ അനുഗ്രഹത്തിനും വിജയത്തിനുമായി 60 ദിവസത്തെ തുടർച്ചയായ പ്രാർത്ഥന നടന്നുവരികയാണ്. കൺവെൻഷന്റെ വിജയകരമായ നടത്തിപ്പിനായി സംസ്ഥാന എക്സിക്യൂട്ടീവിന്റെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ രൂപീകരിച്ച് പ്രവർത്തിച്ചുവരുന്നു.