‘പാഷന് ഓഫ് ദി ക്രൈസ്റ്റ്’ 4K പതിപ്പ് പ്രദർശനത്തിനെത്തുന്നു
ന്യൂയോർക്ക്: യേശുവിന്റെ പീഡാനുഭവരംഗങ്ങളിലൂടെ ലോകമെമ്പാടുമുള്ള ജനങ്ങളുടെ ഹൃദയങ്ങളെ സ്പര്‍ശിച്ച പാഷന് ഓഫ് ദി ക്രൈസ്റ്റ് ചിത്രത്തിന്റെ 4K പതിപ്പ് വീണ്ടും തീയേറ്ററുകളിലെത്തുന്നു. യുഎസില്‍ സെപ്റ്റംബര്‍ 10-17 വരെയാണ് 4K റെസല്യൂഷനിലേക്കും ഡോള്‍ബി അറ്റ്മോസ് ശബ്ദത്തിലേക്കും മാറ്റിയ ചിത്രം വീണ്ടും റിലീസ് ചെയ്യുന്നത്. മനുഷ്യ കുലത്തിൻ്റെ മുഴുവന്‍ രക്ഷയ്ക്കായ് യേശു സഹിച്ച പീഡാനുഭവത്തിൻ്റെ ഈ ചരിത്രകഥ വീണ്ടും വെള്ളിത്തിരയില്‍ പ്രകാശിക്കുമ്പോള്‍, അത് പുതുതലമുറയെ ആഴമായി സ്വാധീനിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
2004ല്‍ റിലീസ് ചെയ്ത ഈ മാസ്റ്റര്‍പീസ് ചിത്രം രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ബിഗ് സ്ക്രീനില്‍ പുനര്പ്രദര്ശനത്തിനെത്തുന്നത്. യേശുക്രിസ്തുവിന്റെ ജീവിതത്തിലെ അവസാന മണിക്കൂറുകളെ അതിന്റെ തീവ്രത ചോരാതെ ദൃശ്യവല്‍ക്കരിച്ച ചിത്രം, റെക്കോര്‍ഡ് കളക്ഷന്‍ നേടിയതിനൊപ്പം ലോകമെമ്പാടുമുള്ള വിശ്വാസികളിലും അവിശ്വാസികളിലും വലിയ സ്വാധീനം ചെലുത്തിയിരുന്നു. ജിം കാവിസെല്‍ എന്ന നടന് യേശുവായി വേഷമിട്ട ഈ ചിത്രം, ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ആര്-റേറ്റഡ് ചിത്രമെന്ന റെക്കോര്‍ഡ് രണ്ട് പതിറ്റാണ്ടോളമാണ് നിലനിര്‍ത്തിയത്. താമസിക്കാതെ തന്നെ മറ്റു രാജ്യങ്ങളിലും പ്രദർശനത്തിന് എത്തുമെന്ന് പ്രതീക്ഷിക്കുന്നു.
മേയ് 6, 2027-ല്‍ പുറത്തിറങ്ങുന്ന ‘ദി റിസറക്ഷന് ഓഫ് ദി ക്രൈസ്റ്റ്’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ റിലീസിന് മുന്നോടിയായാണ് കൂടുതല്‍ ദൃശ്യ ശ്രാവ്യ മികവോടെ പാഷന് ഓഫ് ദി ക്രൈസ്റ്റ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ഏറെ പ്രതീക്ഷയോടെ ആരാധകര്‍ കാത്തിരിക്കുന്ന ‘ദി റിസറക്ഷന് ഓഫ് ദി ക്രൈസ്റ്റ്’ എന്ന ചിത്രത്തിന്റെ ബിഹൈന്‍ഡ്-ദി-സീന്‍ ചിത്രീകരണ ദൃശ്യങ്ങളും ഈ പ്രദര്‍ശനത്തോടൊപ്പം ഉള്‍പ്പെടുത്തിയിട്ടുണ്ട്.