മലയാളി പെന്തെക്കോസ്തൽ അസോസിയേഷൻ യു.കെ. & യൂറോപ്പിന്റെ 24-ാം നാഷണൽ കോൺഫറൻസ് ബെഡ്ഫോർഡിൽ
ബെഡ്ഫോർഡ്ഷെയർ: യൂറോപ്പിലും യു.കെ.യിലുമുള്ള മലയാളി പെന്തെക്കോസ്ത് സമൂഹത്തിന്റെ ആദ്യത്തെ ഐക്യ കൂട്ടായ്മയായ മലയാളി പെന്തെക്കോസ്തൽ അസോസിയേഷൻ (M.P.A), യു. കെ. & യൂറോപ്പിന്റെ 24-ാമത് നാഷണൽ കോൺഫറൻസ് ഇംഗ്ലണ്ടിലെ കേംബ്രിഡ്ജിനടുത്തുള്ള ബെഡ്ഫോർഡിലുളള ജോൺ ബനിയൻ സ്പോർട്സ് & ഫിറ്റ്നസ് കേന്ദ്രത്തിൽ വെച്ച്, 2027 മാർച്ച് 26, 27, 28 തീയതികളിൽ നടക്കും. എം.പി.എ. പ്രസിഡന്റ് പാസ്റ്റർ ജെയിംസ് സാമുവേൽ ഉദ്ഘാടനം നിർവഹിക്കും. എബ്രാ.10:34 ആധാരമാക്കി “ഉത്തമ സമ്പത്ത്” എന്നതാണ് ഈ വർഷത്തെ തീം. റവ.ഡോ. ഷാജി കെ. ദാനിയേൽ, റവ. ജോയ് തോമസ് എന്നിവർ ദൈവവചനം ശുശ്രൂഷിക്കുകയും ബ്രദർ ജിബിൻ ടൈറ്റസ് ഹെബ്രോൻ ആരാധനയ്ക്ക് നേതൃത്വം നൽകുകയും ചെയ്യുന്നു.
വെള്ളിയാഴ്ച രാവിലെ മുതൽ ആരംഭിക്കുന്ന സമ്മേളനം ഞായറാഴ്ച സംയുക്ത ആരാധനയോടെ അവസാനിക്കും. ഏറ്റവും വിപുലമായ രീതിയിൽ ഈ വർഷം നടക്കുന്ന നാഷണൽ കോൺഫറൻസിന്റെ എല്ലാ ക്രമീകരണങ്ങളും എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു. സഹോദരിമാർക്കുള്ള പ്രത്യേക സമ്മേളനവും യുവജനങ്ങൾക്കായുള്ള പ്രത്യേക മീറ്റിംഗുകളും ഇതിനോടനുബന്ധിച്ച് നടത്തപ്പെടുന്നതായിരിക്കും.
