ഗ്ലോബൽ മലയാളി പെന്തെക്കോസ്ത് മീഡിയ കോൺഫറൻസ് സെപ്റ്റം. 10 മുതൽ

കോട്ടയം: ലോകമെങ്ങുമുള്ള മലയാളി പെന്തെക്കോസ്ത് മാധ്യമ പ്രവർത്തകരുടെയും എഴുത്തുകാരുടെയും കൂട്ടായ്മയായ ഗ്ലോബൽ മലയാളി പെന്തെക്കോസ്ത് മീഡിയ അസോസിയേഷന്റെ 5-ാമത് മീഡിയ കോൺഫറൻസ് സെപ്റ്റംബർ 10 വ്യാഴം മുതൽ മുതൽ 12 ശനി വരെ ദിവസവും വൈകിട്ട് 8 മണി മുതൽ 10 മണി വരെ (ഇന്ത്യൻ സമയം) സൂം പ്ലാറ്റ്ഫോമിൽ നടക്കും. മീഡിയ അസോസിയേഷൻ ചെയർമാൻ പാസ്റ്റർ പി.ജി. മാത്യൂസ് അധ്യക്ഷത വഹിക്കും. ഡബ്ല്യു.എം.ഇ. ദൈവസഭ ദേശീയ ചെയർമാൻ ഡോ. ഒ. എം. രാജുകുട്ടി ഉദ്ഘാടനം ചെയ്യും.
ഇന്ത്യ, ഗൾഫ്, യു.എസ്.എ, കാനഡ, യൂറോപ്പ് എന്നിവിടങ്ങളിൽ നിന്നുള്ള ക്രൈസ്തവ എഴുത്തുകാരും മാധ്യമ പ്രവർത്തകരും അഭ്യുദയ കാംക്ഷികളും പങ്കെടുക്കും. ആനുകാലിക വിഷയങ്ങൾ, പ്രമേയങ്ങൾ, ഭാവി പ്രവർത്തനങ്ങൾ എന്നിവ ഈ സമ്മേളനങ്ങളിൽ ചർച്ച ചെയ്യുമെന്ന് അസോസിയേഷൻ ജനറൽ സെക്രട്ടറി ഷിബു മുള്ളംകാട്ടിൽ, മീഡിയ കൺവീനർ സജി മത്തായി കാതേട്ട് എന്നിവർ അറിയിച്ചു.
ത്രിദിന കോൺഫറൻസിൽ കേരളത്തിൻ്റെ മുൻ ചീഫ് സെക്രട്ടറിയും ഗ്രന്ഥകാരനുമായ ഡോ. ജിജി തോംസൺ ഐ.എ.എസ്, പ്രമുഖ എഴുത്തുകാരനും മലയാള മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടറുമായ ജോസ് പനച്ചിപ്പുറം, മുതിർന്ന മാധ്യമ പ്രവർത്തകനും 24 ന്യൂസ് ചാനൽ എഡിറ്റർ ഇൻ ചാർജുമായ പി പി ജെയിംസ്, പ്രമുഖ ക്രൈസ്തവ എഴുത്തുകാരും പ്രഭാഷകരുമായ ജോർജ് കോശി മൈലപ്ര, റവ. ജോർജ് മാത്യു പുതുപ്പള്ളി, പാസ്റ്റർ മാത്യു വർഗീസ് ഒക്ലഹോമ എന്നിവർ പ്രസംഗിക്കും. പ്രശസ്ത ഗായകരായ പാസ്റ്റർ സാംസൺ കോട്ടൂർ, ഡോ. ബ്ലെസ്സൻ മേമന, റീത്ത മാനുവൽ സിൽവേര എന്നിവർ ഗാനങ്ങൾ ആലപിക്കും.
ZOOM ID: 837 9397 2727
PASSCODE : 2026