ബെംഗളൂരു: ബെംഗളൂരു ക്രൈസ്റ്റ് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഫാ. ഡോ. ജോസഫ് സി.സിക്ക് നാഷണൽ കേഡറ്റ് കോർപ്സിന്റെ (എൻസിസി) ഓണററി കേണൽ പദവി സമ്മാനിച്ചു. യൂണിവേഴ്സിറ്റിയുടെ സെൻട്രൽ കാമ്പസിൽ നടന്ന ചടങ്ങിൽ എൻസിസി കർണാടക- ഗോവ ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ എയർ കമ്മഡോർ കമൽ ഛദ്ദ പദവി കൈമാറി. കർണാടക- ഗോവ ഡയറക്ടറേറ്റിൻ്റെ മികച്ച സ്ഥാപനത്തിനുള്ള പുരസ്കാരം തുടർച്ചയായ എട്ടാം വർഷവും ക്രൈസ്റ്റ് സർവകലാശാല സ്വന്തമാക്കി. ഈ വർഷത്തെ കംബൈൻഡ് ഡിഫൻസ് സർവീസസ് പരീക്ഷയിൽ സർവകലാശാലയിലെ ഖുഷ്മീത് കൗർ സോണ അഖിലേന്ത്യാതലത്തിൽ ഒന്നാം റാങ്ക് നേടിയിരുന്നു. ചടങ്ങിൽ ക്രൈസ്റ്റ് യൂണിവേഴ്സിറ്റി ചാൻസലർ ഫാ. ഡോ. സാജു ചക്കാലക്കൽ, കേണൽ എൻ.എം. റഹ്മാൻ, കേണൽ എസ്. എസ്. കാലിയ തുടങ്ങിയ പ്രമുഖരും എൻസിസി കേഡറ്റുകളും അധ്യാപകരും പങ്കെടുത്തു.
ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിൽനിന്ന് ഈ ആദരം ലഭിക്കുന്ന മൂന്നാമത്തെ വൈസ് ചാൻസലറാണ് ഫാ. ജോസഫ്. മുമ്പ് 2012ൽ ഫാ. ഡോ. ബി.എം. ഏബ്രഹാമും 2022ൽ ഫാ. ഡോ. തോമസ് സി. മാത്യുവും ഓണററി കേണൽ പദവി നേടിയിട്ടുണ്ട്. തനിക്കു ലഭിച്ച യൂണിഫോം പദവിയേക്കാൾ വലിയ ഉത്തരവാദിത്വത്തെയും മൂല്യങ്ങളെയുമാണ് സൂചിപ്പിക്കുന്നതെന്ന് ഫാ. ജോസഫ് മറുപടിപ്രസംഗത്തിൽ പറഞ്ഞു. 1996 മുതൽ ക്രൈസ്റ്റുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ഫാ. ഡോ. ജോസഫ്, പ്രോ- വൈസ് ചാൻസലർ, ഡയറക്ടർ ഓഫ് സ്റ്റുഡന്റ് സർവീസസ് എന്നിവയുൾപ്പെടെ നിരവധി അക്കാദമിക്, ഭരണനിർവഹണ പദവികൾ വഹിച്ചിട്ടുണ്ട്.
1969ൽ സ്ഥാപിതമായതു മുതൽ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിക്ക് സജീവമായ എൻസിസി യൂണിറ്റുണ്ട്. അന്നുമുതൽ തലമുറക ളോളം വരുന്ന കേഡറ്റുകൾ റിപ്പബ്ലിക് ദിന ക്യാമ്പ്, ഥാൽ സൈനിക് ക്യാമ്പ്, എൻസിസി നാഷണൽ ഗെയിംസ്, യൂത്ത് എ ക്സ്ചേഞ്ച് പ്രോഗ്രാം എന്നിവയുൾപ്പെടെ ദേശീയതലത്തിലുള്ള പരിപാടികളിൽ പങ്കെടുത്തുവരുന്നു. ഇതുവരെ 200ഓളം കേ ഡറ്റുകളാണ് ഇവിടെനിന്ന് സായുധ സേനയിൽ ഓഫീസർമാരായി സേവനമനുഷ്ഠിച്ചത്. 2019-2026 കാലയളവിൽ മാത്രം 47 കേഡറ്റുകൾ സായുധ സേനയുടെ ഭാഗമായി. നിലവിൽ 21 കേഡറ്റുകൾ വിവിധ മിലിട്ടറി അക്കാദമികളിൽ പരിശീലനം നടത്തുന്നുണ്ട്.