മുദിയാരി (യു.പി.): ഉത്തർപ്രദേശിലെ ബല്ലിയ ജില്ലയിൽ ഉച്ചത്തിലുള്ള ഡിജെ സംഗീതത്തെ തുടർന്ന് ഇരുപത് ദിവസം പ്രായമുള്ള നവജാതശിശു ദാരുണമായി മരണപ്പെട്ടതായി വാർത്ത. ഗ്രാമത്തിൽ നടന്ന ക്ഷേത്രോത്സവത്തിന്റെ ഭാഗമായുള്ള വിഗ്രഹഘോഷയാത്രയ്ക്കിടയിലാണ് സംഭവം അരങ്ങേറിയത്. വീടിനുള്ളിൽ ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞ്, അത്യുച്ചത്തിലുള്ള ശബ്ദം കേട്ടുണ്ടായ കടുത്ത മാനസികാഘാതത്തെയും ഹൃദയസ്തംഭനത്തെയും തുടർന്നാണ് മരണപ്പെട്ടതെന്ന് കുടുംബാംഗങ്ങൾ ആരോപിച്ചു. ബല്ലിയ ജില്ലയിലെ മണിയാർ പൊലീസ് സ്റ്റേഷൻ പരിധിയിലെ മുദിയാരി ഗ്രാമത്തിലാണ് ഈ നടുക്കുന്ന സംഭവം നടന്നത്.
പ്രദേശത്തെ ഒരു ക്ഷേത്രത്തിലെ ആഘോഷത്തോട് അനുബന്ധിച്ച് വലിയ സ്പീക്കറുകൾ ഘടിപ്പിച്ച ട്രക്കിലാണ് ഡിജെ സംഗീതം മുഴക്കിക്കൊണ്ട് ഘോഷയാത്ര കടന്നുപോയത്. ഈ സമയം വീട്ടിൽ അമ്മ റീമാ ദേവിയ്ക്കൊപ്പം കിടന്നുറങ്ങുകയായിരുന്നു ഇരുപതു ദിവസം മാത്രം പ്രായമായ പെൺകുഞ്ഞ്. റോഡിന് സമീപമുള്ള വീട്ടിൽ നവജാതശിശു ഉണ്ടെന്നും ഉറങ്ങുകയാണെന്നും അതിനാൽ ഡിജെ ശബ്ദം ഒന്ന് കുറയ്ക്കണമെന്നും കുടുംബാംഗങ്ങൾ സംഘാടകരോട് അഭ്യർത്ഥിച്ചു. എന്നാൽ, അപേക്ഷ അംഗീകരിക്കാൻ തയാറാകാതെ സംഘാടകർ പൂർവാധികം ശക്തിയിൽ പാട്ടുകൾ പ്ലേ ചെയ്യുകയായിരുന്നു. അത്യുച്ചത്തിലുള്ള ശബ്ദവും ബാസ് ബീറ്റുകളും വീടിനുള്ളിൽ വലിയ രീതിയിൽ അലയടിക്കുകയും, ഇതിന്റെ ആഘാതത്തിൽ കുഞ്ഞ് പെട്ടെന്ന് ഞെട്ടി ഉണർന്ന് ഗുരുതരമായ ശാരീരിക ബുദ്ധിമുട്ടുകൾ പ്രകടിപ്പിക്കുകയും ചെയ്തു. ഉടൻതന്നെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.