പള്ളികള്‍ക്കും മതപരമായ ചടങ്ങുകള്‍ക്കും നേരെ തുടർ അക്രമങ്ങള്‍: മുഖ്യമന്ത്രി ഇടപെടണമെന്ന് ബംഗാള്‍ ക്രിസ്ത്യന്‍ കൗണ്‍സില്‍
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ പള്ളികള്‍ക്കും മതപരമായ ചടങ്ങുകള്‍ക്കും നേരെ തുടര്‍ച്ചയായി ഉണ്ടാകുന്ന അക്രമ സംഭവങ്ങളില്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി അടിയന്തരമായി ഇടപെടണമെന്ന് ബംഗാള്‍ ക്രിസ്ത്യന്‍ കൗണ്‍സില്‍. ക്രിസ്മസ് അടുത്തെത്തിയിരിക്കുന്ന സാഹചര്യത്തില്‍, പാതിരാ കുര്‍ബാനകള്‍, കരോളുകള്‍, മറ്റ് ആഘോഷങ്ങള്‍ എന്നിവ തടസങ്ങളില്ലാതെ നടത്താന്‍ കഴിയുമോ എന്ന ആശങ്കയും കൗണ്‍സില്‍ മുന്നോട്ടുവച്ചു.
വൈദികരെയും വിശ്വാസികളെയും ലക്ഷ്യംവയ്ക്കുന്ന അക്രമികള്‍ പള്ളികളും കുരിശുകളും തകര്‍ക്കുകയും ക്രൈസ്തവ കുടുംബങ്ങളെ ഭീഷണിപ്പെടുത്തുകയാണെന്നും ക്രിസ്ത്യന്‍ കൗണ്‍സില്‍ പ്രസിഡന്റും ചര്‍ച്ച് ഓഫ് നോര്‍ത്ത് ഇന്ത്യ (സിഎന്‍ഐ) സിനഡ് മോഡറേറ്ററുമായ ബിഷപ് പരിതോഷ് കാന്നിംഗ് കൊല്‍ക്കത്തയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഈ സംഭവങ്ങള്‍ ക്രിസ്ത്യന്‍ സമൂഹത്തില്‍ വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ടെന്നും മതസ്ഥാപനങ്ങള്‍ സംരക്ഷിക്കണമെന്നും വിശ്വാസ സ്വാതന്ത്ര്യം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും ബിഷപ് ആവശ്യപ്പെട്ടു.
ആരാധനാലയങ്ങളുടെയും ക്രിസ്ത്യന്‍ സമൂഹത്തിന്റെയും സുരക്ഷ ഉറപ്പാക്കുന്നതിനായി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്താന്‍ കൗണ്‍സില്‍ സമയം തേടിയിരുന്നു. നേരത്തെ നല്കിയ അപേക്ഷയ്ക്ക് മറുപടി ലഭിച്ചിട്ടില്ലെങ്കിലും, സര്‍ക്കാരില്‍ നിന്ന് അനുകൂലമായ നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് ബിഷപ് കാന്നിംഗ് പറഞ്ഞു.